കോഴഞ്ചേരി: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്രം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസി (75) നെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ചു വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37) എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം.
ഇതിനു പിന്നാലെ കോയിപ്രം എസ്ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നിയതിനേ തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിനെ അറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സി ഐ സുരേഷ് കുമാര്‍ എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്ജന് ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പൊന്നമ്മയ്ക്കൊപ്പം താമസിച്ചിരുന്ന മകന് ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറുമാസത്തില്‍ അധികമായി റിന്‍സിയും താമസിക്കുകയാണ്.
ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന്‍ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.